Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, July 29, 2011

ജന്മത്തിന്‍റെ ഉപമകള്‍.

ഒറ്റയടിപ്പാതകളിലൂടെ
യാത്രകളെല്ലാം അസ്തമിക്കുന്നു.
വരണ്ടുണങ്ങാത്ത ഒറ്റക്കാറ്റും ഇനി വീശാനില്ല.
മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്
വെയിലുപൊള്ളുന്ന ഒരുച്ചയില്‍
നിഴലുമാത്രം കൂട്ടിനായ്
തിരിച്ചുപോകുന്നു ഞാന്‍.
ജന്മത്തിന്‍റെ കപ്പല്‍ച്ഛെദത്തിലെ
ഏകാന്തനാവികന്‍.
ഈ ഇടത്താവളത്തില്‍ എനിക്ക്
ഋതുക്കളുടെ ഉടയാടകള്‍ കിട്ടി.
കാണാത്ത ഭൂഖണ്ഡങ്ങള്‍ പോലെ
സ്വന്തം നെഞ്ചില്‍ നാം ഒളിച്ചിരിക്കുന്നു.
ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.
അനാഥജന്മത്തിന്‍റെ ഉപമകള്‍ എന്തെല്ലാം?
പൊക്കിള്‍കൊടികൊഴിഞ്ഞ ഒരു കുട്ടി.
കൂടില്ലാത്ത ഒരു പറവ.
ഒഴുക്കില്ലാത്ത ഒരു പുഴ.
പച്ചയൊഴിഞ്ഞ ഒരു വനം.
തടവുകാരന്‍ അകത്തും പുറത്തും
ഓര്‍മ്മകളുടെ ഇരയാണ്.
കാടെരിയുന്നതും കനവുരുകുന്നതും
ഒരേ ഗന്ധത്തിലാണ്.
കാറ്റും മഴയും കടലിലെന്നപോലെ
കരുണയും കലാപവും ഒരേ മനസ്സില്‍.
രാപ്പകലുകള്‍ പോലെ
പ്രണയവും പ്രളയവും.
സായംസന്ധ്യപോലെ
ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം.
പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.
കൂട്ടരേ,
നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട്‌ ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.

(എന്‍ ബി സുരേഷ്)

Monday, April 11, 2011

റില്‍ക്കെ - വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ...

വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ ഒരു തൂവാല വച്ചു തടുക്കുമ്പോലെ-
അല്ല: ഒരു ജീവിതമൊരുമിച്ചൊലിച്ചുപോവാൻ
കൊതിയ്ക്കുന്നൊരു മുറിവായിലതു വച്ചമർത്തുമ്പോലെ,
നിന്നെയെന്നോടണച്ചു ഞാൻ:
നിന്നിലെന്നിൽ നിന്നു ചെമല പടരുന്നതു കണ്ടു ഞാൻ.
നമുക്കിടയിൽ നടന്നതിന്നതെന്നാരു കണ്ടു?
നേരം കിട്ടാതെ മാറ്റിവച്ചതിനൊക്കെയും
നാമന്നു പരിഹാരം കണ്ടതന്യോന്യം.
നിറവേറാത്ത യൗവനത്തിന്റെ പ്രവേഗങ്ങളിൽ
വിചിത്രമായി ഞാൻ മുതിർന്നു;
നിനക്കും കിട്ടി പ്രിയേ, കാടു കാട്ടാനൊരു ബാല്യം
എന്റെ ഹൃദയത്തിലെങ്ങനെയോ. 

(പരിഭാഷ ബ്ലോഗ്‌)

പ്രണയത്തിന്‍റെ കബനി

അവന്‍ പറഞ്ഞു
നീയാണ് എന്‍റെ പ്രണയത്തിന്‍റെ
കബനി നദി
ഞാന്‍ ഒഴുകുന്നത് നിന്നിലേക്കാണ്
നിന്നിലേക്കെത്തും മുമ്പ് എനിക്കൊരു
പച്ചമരം പൂക്കുന്നത് കാണണം
അല്ലെങ്കില്‍ പാതി വഴിയില്‍
ഞാന്‍ വറ്റി പോകും


ഞാനവന്റെ മുഖത്തേക്ക് നോക്കിയതേയില്ല
എന്നില്‍ പ്രണയത്തിന്‍റെ
ഒഴുക്ക് നിലച്ചു പോയി
എന്നോ കടലിന്‍റെ നെഞ്ചില്‍
അവസാനിച്ചവള്‍
നിനക്കൊരിക്കലും ഒഴുകി
എന്നിലേക്കെത്താന്‍ കഴിയില്ല


നീയെന്റെ പ്രണയത്തിന്‍റെ
കബനിയെ ഗതിമാറ്റിയോ
അതോ പാതി വഴിയില്‍
ഞാന്‍ വറ്റിപോയോ
ഒന്നും തിരിച്ചറിയുന്നില്ലല്ലോ
എന്നവന്‍ ആകുലപ്പെടുമ്പോള്‍
വഴിയെത്തും മുമ്പേ
പൂത്ത പച്ചമരത്തിന്റെ
ചില്ലകള്‍ അവന്‍ കാണാതെ
പോയതെന്നെന്നു
ഞാന്‍ ചോദിച്ചില്ല
അവന്‍റെ ഈ കബനി കടലില്‍ തന്നെ ഒടുങ്ങട്ടെ
(മേരി ലില്ലിയുടെ കവിത)

Monday, February 7, 2011

നെരൂദ-പ്രണയകവിത

ഓർക്കുന്നുവോ:
ഒരു കിളിക്കുഞ്ഞിന്റെ ഹൃദയം
കൂട്ടിലിട്ടൊപ്പം കൊണ്ടുനടക്കുന്നവൾ നീ:
ചിറകിന്റെയും പാട്ടിന്റെയും സംവാദം;
അത്രയും വയലിനുകൾ,
ഉയർന്നു പറക്കുന്നവ, വെട്ടിത്തിളങ്ങുന്നവ.
വാരിയെടുക്കൂ, എനിക്കു വേണ്ടി വാരിയെടുക്കൂ,
ശബ്ദങ്ങളും രത്നക്കല്ലുകളും,
തീയിലും വായുവിലും അതു പെറുക്കിക്കെട്ടി
നിർമ്മലസംഗീതത്തിന്റെ അകമ്പടിയുമായി
നാം യാത്ര പോകും
പൊൻകട്ടകൾ കുത്തിയൊലിക്കുന്ന പുലരിയിലേക്ക്.
നമ്മുടെ പ്രണയം തുടിക്കട്ടെ
തണുപ്പത്തു ചെകിളയിളക്കുന്ന മത്സ്യം പോലെ. 

------------------------------------------------------------------

 വിവര്‍ത്തനം (

Wednesday, February 2, 2011

സൂര്യശില -കടമ്മനിട്ട-

കലാതീതനായ ഒരു സൂര്യനുകീഴില്‍ എന്റെ ഉണ്മയുടെ
തെരുവുവീധികളിലൂടെ ഞാന്‍ പോകുന്നു , ഒരു വൃക്ഷത്തെപോലെ
നീ എന്റെ അരികില്‍ നടക്കുന്നു, ഒരു നദിയെപ്പോലെ എന്നോട് സംസാരിക്കുന്നു
ധാന്യകതിരുപോലെ എന്റെ കൈകള്‍ക്കിടയില്‍ വളരുന്നു
അണ്ണാനെപ്പോലെ എന്റെ കൈക്കു...ള്ളില്‍ വിറകൊള്ളുന്നു
ആയിരം കിളികളെപ്പോലെ പറക്കുന്നു, നിന്റെ ചിരിയുടെ
പത എന്നെ പൊതിയുന്നു, നിന്റെ തല
എന്റെ കൈകല്‍ക്കിടയിലൊരു ചെറുതാരമാണ്
നീ പുഞ്ചിരിച്ചുകൊണ്ട് നാരങ്ങ തിന്നുമ്പോള്‍ ഈ ലോകം
വീണ്ടും പച്ചക്കുന്നു

Tuesday, January 25, 2011

യൗവ്വനം/ സി ലതീഷ്‌കുമാര്‍


നിന്റെ യൌവനം
ഏത് ഉന്മാദത്തിന്റെ

മൂശയിലാണ് രൂപപ്പെട്ടത് ?

അതെനിക്കറിയില്ല.

കുപ്പിവളകളും പാദസരങ്ങളും

കിലുങ്ങിയ ഇടനാഴികളില്‍

ആരുടെയൊക്കെ നിശ്വാസങ്ങള്‍

വീര്‍പ്പിട്ടു.

അതും എനിക്കറിയില്ല.

പക്ഷെ, ഒന്നെനിക്കറിയാം;

നിന്നെ തേടിയലഞ്ഞ

സ്വപ്‌നങ്ങള്‍ക്ക് കണക്കില്ല.

നീ അറിയാത്തവര്‍ നിന്നെ അറിഞ്ഞു

നീ അറിയുന്ന വര്‍ നിനക്ക് തീരെ

അറിയാത്തവരുമായിരുന്നു.

നിന്നെ തീരെ

അറിയാത്തവരുമായിരുന്നു.

നിന്റെ ഉടലുകള്‍ സ്രവിച്ച

വിയര്‍പ്പില്‍ എത്ര ഉടലുകള്‍

ഉറങ്ങിയെന്നും എനിക്കറിയില്ല.

അതു ഞാന്‍ അന്വേഷിക്കുന്നുമില്ല.

പക്ഷെ, എനിക്കൊന്നറിയാം;

നിന്റെ ഹൃദയമിടിപ്പിന്റെ

താളത്തിലുറങ്ങിയ

ജന്മത്തോട് ഞാന്‍ അസൂയ്യപ്പെടുന്നു.

അതെന്റെ കൂടി

ഹൃദയത്തിന്റെ സംഗീതമാവാന്‍.

Friday, December 24, 2010

അജ്ഞാതന്റെ കുറിപ്പ്

വിരല്‍ തുമ്പിലൂടൂര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍

‍എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌

നീ പറഞ്ഞു....

"ഇതെന്റെ ആത്മാവാണ്‌, കാത്തുകൊള്‍ക.."

പിന്നീടൊരിക്കല്‍,

കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്ത വാക്കൊന്നും

ആത്മാവില്ലെന്ന് നീ പറഞ്ഞപ്പോള്‍,

കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍

‍എന്നോടു യാത്ര പറഞ്ഞപ്പോള്‍,

ഞാന്‍ പാടുപെടുകയായിരുന്നു....

എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...

ഇന്ന്,

മറ്റൊരു മഴക്കാല രാത്രിയില്‍,

ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ

അരിച്ചെത്തുന്ന നിന്റെ ഒര്‍മകളില്‍

‍എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും

ഞാന്‍ പാടു പെടുകയാണ്‌.......

എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...

നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍....!!! 

Saturday, November 20, 2010

കവിയെ പ്രണയിക്കരുത്‌.

കവിയെ ഒരിക്കലും പ്രണയിക്കരുതു,

നിന്റെ പ്രണയത്തെ

വാരികകള്‍ക്കയച്ചു കൊടുക്കും

നിന്റെ പ്രണയത്തെപ്പറ്റി

നിനക്കു മനസ്സിലാവാത്ത ഭാഷകളില്‍ എഴുതും.

നിന്റെ വികാരങ്ങളെ

ഉത്തരാധുനികതെയിലേക്കു മാറ്റിയവന്

‍ചായ കുടിക്കും.

ഒടുവില്‍ നീ തന്നെ അവനെന്നും

അവന്‍ തന്നെ നീയെന്നും പറഞ്ഞു

മറ്റാരെയെങ്കിലും പ്രണയിക്കും


(ഹാരിസ്‌ എടവണ്ണ)

Wednesday, November 17, 2010

അക്വേറിയം

വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.


അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.

പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.

ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.

നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്


(ഡോണ മയൂര)

രണ്ടു കവിതകള്‍

മറുപടികള്‍

ഓരോ ചുംബനങ്ങള്‍ക്കും
മാനത്തു നിന്ന്
പൊട്ടി വീഴുന്ന
അനേകായിരം
മഴത്തുള്ളികളുടെ
മറുപടികളുണ്ട്


കാവ്യപര്‍വ്വം

ഓരോ കവിതയും
അന്വേഷണക്കുറിപ്പുകളാണ്
നിഷേധമാണ്
അനുകൂലിക്കലാണ്
കലാപവും പോരാട്ടവുമാണ്
സംഗീതവും ഉര്‍വ്വരതയുമാണ്
ഋതു സംഗമവും
സംക്രമവുമാണ്
കവിതയുള്‍ക്കൊള്ളാത്തതൊന്നും
ജീവിതമുള്‍ക്കൊള്ളുന്നില്ല
ഋജുരേഖിയായ കാറ്റ്
പിരിശംഖിലൂടെ
വളഞ്ഞിറങ്ങി വരുമ്പോലെ
കവിമുറിയിലേക്ക്
കടന്നു വരിക..!!

- അനൂപ്.എം.ആര്‍


നിനക്കുള്ളത്....

ഈ പുഷ്പം
എന്നില്‍ വിരിഞ്ഞ സ്വപ്നമാണ്
ഇവയെ നീ സ്വീകരിക്കുക
നിന്നില്‍ നടുക
ചുംബനങ്ങളീലൂടെ വളര്‍ത്തുക
എന്നെയും നിന്നെയും
ഒന്നിപ്പിക്കാനുള്ളത്
ഇനി
ഒരു വണ്ടിന്റെ ദൂരം മാത്രം

(ജിനു)

അകല്‍ച്ച

ഞാന്‍ അനുഭവിച്ചിട്ടുണ്ട്
നിന്റെ ചിരി
ഒരു ശിക്ഷയാണ്.
ഞാന്‍ ഏറ്റിട്ടുണ്ട്
നിന്റെ മൗനം
ഒരു തീക്കൂനയാണ്.
ഞാന്‍ വീണിട്ടുണ്ട്
നിന്റെ നോട്ടം
ഒരു നീലിച്ച ഗര്‍ത്തമാണ്.
ഇപ്പോള്‍ നീ എവിടെയാണ്?
ഞാന്‍ എവിടെയാണ്?
അറിയില്ല.
അറിയാത്തിടത്ത് നമ്മളുണ്ട്.
പിരിഞ്ഞുപോകാന്‍ ആവാത്തവിധം
അകന്നിട്ട്..

പവിത്രന്‍ തീക്കുനി


സത്യവാങ്മൂലം

നീ വസന്തം.

ഞാന്‍
വസന്തം കഴിഞ്ഞുമാത്രം
എത്തുന്ന വേനല്‍.

ഇരവിഴുങ്ങുന്ന
പെരുമ്പാമ്പിനെപ്പോലെ

മെല്ലെ മെല്ലെ
നിന്നെയപ്പാടെ വിഴുങ്ങി,
ഇലന്തമരങ്ങള്‍ക്കിടയില്‍
വെയിലുകായുന്ന നേരം,

നിന്നെ കാണ്മാനില്ലെന്ന്‌
നിന്നെ കണ്ടിട്ടേയില്ലെന്ന്‌
ഉള്ളാല്‍ മാത്രമേ നിന്നെ
അറിയുകയുള്ളൂ എന്ന്‌...

ഞാന്‍ ഉറക്കെ വിളിച്ചു
പറഞ്ഞുകൊണ്ടേയിരിക്കും.

ഡോണ മയൂര


ഉണ്ട്, ഇല്ലാത്തതുപോലെ

ഞാന്‍ നിന്റെ ഉള്ളില്‍
ഉണ്ട്, ഇല്ലാത്തതുപോലെ

കാറ്റുറങ്ങിയപ്പോള്‍
ആകാശത്തിന്റെ താരാട്ട്.
ആകാശമുറങ്ങിയപ്പോള്‍
നീ വന്നു, വരാത്തതുപോലെ
മണ്ണിന് മുല കൊടുത്ത്
നീ പോയി, പോകാത്തതുപോലെ.

മരണമാകുമ്പോള്‍
ഇറക്കിക്കിടത്താന്‍ മടിത്തട്ടുമായി,
തോരാതെ കരയുന്ന മുഖം
ഒപ്പിയെടുക്കാന്‍ പട്ടുതൂവാലയുമായി,
നീ വരും.

ആട്ടിന്‍ കുഞ്ഞിന്റെ ഇളംചുണ്ടിനായി
പുല്‍ക്കൊടി ദാഹിക്കും പോലെ
നനഞ്ഞ ചുണ്ടുകൊണ്ട്
എന്നെ നക്കിത്തിന്നാന്‍
നീ വരും.

കാടും നാടും കടന്ന് കുന്ന് കേറി
അലഞ്ഞു ചുറ്റുന്ന നഗ്നതയാണ് നീ.
ഓര്‍മ്മകളെ മുലപ്പാലില്‍ വെളുപ്പിക്കുന്നവള്‍
കാട്ടുതീയിന്റെ നിലവിളിയില്‍ പിറന്നവള്‍
ആവിയടുപ്പിലെന്ന പോലെ വെന്തു കലങ്ങി
നിന്റെ ഉടല്‍ വേദനയുടെ താഴ്വാരം,
പ്രണയത്തിനൊഴുകിയെത്താന്‍
ഹൃദയത്തിന് ഉഴവുചാലാകാന്‍.

ഞാന്‍ നിന്റെ ഉള്ളിലിരിക്കുന്നത്
എന്നെ കരയിക്കാന്‍ മാത്രമോ?

മുറിക്കപ്പെടുമ്പോള്‍ മാത്രം
മാംസം അപ്പമാകും
രക്തം വീഞ്ഞാകും.

എന്റെ ദാഹം ഒഴുകിയെത്തും
നിന്റെ വെഞ്ചരിച്ച അന്നവെള്ളത്തില്‍.

നിന്റെ ചോരയില്‍ നിന്നുമാണ്
വാക്കുകള്‍ പഠിച്ചത്
മുറിവുകളില്‍ നിന്നുമാണ്
പ്രണയം മുങ്ങി നിവര്‍ന്നത്.

കനലില്ലാത്ത തീയില്‍ വെന്ത്
മുറിവില്ലാത്ത വ്രണത്തില്‍ നൊന്ത്
അരുതാത്ത ഭാവങ്ങളില്‍ മെയ് മറച്ച്
ഉള്ളതും ഇല്ലായ്മയുമായി
ഒരു മഞ്ഞുകണത്തില്‍ തീയാളും പോലെ
ചിറകനക്കാതെ പറന്നുപോകുന്നവള്‍.

അക്കാ, നീ ഒരാശ്ചര്യചിഹ്നം.
ഞാന്‍ ഇരുന്നു, നീ ഇരുത്തിയതു പോലെ
ഞാന്‍ പാടി, നീ പാടിച്ചതു പോലെ
കര്‍പ്പൂരക്കുന്നിനു തീ പിടിക്കും പോലെ
നിന്റെ തീയ്യുടലില്‍ ചുടല നൃത്തം.

സ്നേഹത്തിന്റെ പഴം താളുകള്‍
കാറ്റുകള്‍ പറത്തിക്കൊണ്ട് വന്ന
ചവറുകളിലുണ്ടെന്നാരറിഞ്ഞു?
അടിച്ചുകൂട്ടി കത്തിച്ചപ്പോള്‍
കരിഞ്ഞു പോകാത്ത പച്ചത്തിളക്കം.
ചപ്പുചവറുകളില്‍
ഞാനതു വായിച്ചതുപോലുമില്ല.
എന്നെങ്കിലും
വായിക്കാനൊരുങ്ങുമ്പോള്‍
അവ കത്തിത്തീര്‍ന്നിട്ടുണ്ടാകുമോ?

ഇടിമിന്നലില്‍ കണ്ടിട്ടുണ്ട്
കണ്ണീര്‍ക്കണങ്ങളായിപ്പോയ
രണ്ട് കണ്ണുകളെ.

അടഞ്ഞും തുറന്നും ഒരു വാതില്‍.
അക്കാ, മെയ് മറഞ്ഞിരിക്കുന്നവള്‍,
ഉറുമ്പിനുമുണ്ടൊരു കൈലാസക്കാല്‍വരിയാത്ര
മഹാപര്‍വ്വതമേ, ഈ മണല്‍ത്തരിയില്‍ വിശ്രമിക്കൂ.

ഉടഞ്ഞുപോയ കുടത്തില്‍ കുടം പോലെ
നീ ഉണ്ട്, ഇല്ലാത്തതു പോലെ
മരത്തിനുള്ളിലെ തീ പോലെ
രാത്രിമുല്ലയില്‍ തനിമണം പോലെ
മുളകിന് എരിവായി
പഴത്തിന് രുചിയായി
വെളിവിലെ ഒളിവായി
നീ ഉണ്ട്, ഇല്ലാത്തതുപോലെ

മുടിയിഴകള്‍ കൊണ്ടാണ് നീ
നഗ്നതയുടെ ചുളിവുകളലങ്കരിച്ചത്.

ഉള്ളം കരിയാതെ മനം കലങ്ങാതെ
കനി മധുരമായി ചുരന്ന നെഞ്ചകം
ഉടലുടഞ്ഞുപോയ അക്ഷരത്തെറ്റുകള്‍
വായിക്കുകയാണ് നീ
മാംസം വാര്‍ന്നുപോയ എന്റെ അസ്ഥികൂടം.

ചവിട്ടടികളില്‍
ചതയുവാന്‍ മാത്രം
തോറ്റ പത്തിപോലെ
നിന്റെ കാലുകളില്‍
ഞാന്‍ ഇഴഞ്ഞു തിരിയും.

മരണത്തേക്കാള്‍ ആഴമുള്ള നിദ്രയില്‍
നീ ഉയിപ്പിക്കും, ഉടലാകെ ചിറകുകള്‍ തുന്നി
കാറ്റുകള്‍ക്കൊപ്പം ചന്ദ്രരശ്മികളിലേക്ക്.

ആ മലയിലും ഈ മലയിലുമല്ല
നിന്റെ ഉള്ളിലാണ് ഞാനെന്നും.
ഉണ്ട്, ഇല്ലാത്തതു പോലെ..!

(അക്ക മഹാദേവിയുടെ വചനങ്ങള്‍ക്ക് ഒരു പുനര്‍വായന)


വി ജി തമ്പിയുടെ കവിത

അനുരാഗത്തിന്റെ അപ്പൂപ്പന്‍താടികള്‍

എന്റെ ഹൃദയത്തിന്റെ മണ്ണില്‍

നീ നട്ട അനുരാഗത്തിന്റെ

വിത്ത് ഒരു അപ്പൂപ്പന്‍താടി വള്ളിയായ് പൊട്ടിമുളച്ചു.

ആത്മാവിലെ സ്നേഹവും

ആത്മാര്‍ത്ഥതയും വലിച്ചെടുത്ത്

എന്റെ ഹൃദയത്തിന്റെ

തിളയ്ക്കുന്ന അടിത്തട്ടിലേയ്ക്ക് അത് വേരുകള്‍ പടര്‍ത്തി.

സ്വാര്‍ത്ഥത കൊണ്ട് ഞാനത് നനച്ചു.

പെയ്തൊഴിഞ്ഞ് പോകുമായിരുന്ന

അസൂയയെ പേടിച്ച് ഞാനതിന് മൗനത്തിന്റെ വേലി കെട്ടി.

ഒരു ഫെബ്രുവരി മാസത്തില്‍

അതില്‍ ഒരു കായ് വിരിഞ്ഞു.

വിരഹത്തിന്റെ മാര്‍ച്ച് മാസത്തില്‍

ആ കായ് പൊട്ടിപ്പിളര്‍ന്നു.

ഒരായിരം അപ്പൂപ്പന്‍താടികള്‍ വിരിഞ്ഞിറങ്ങി.

ഒരുനിമിഷം കൊണ്ട് നീ നട്ട വിത്ത്

ഒരു ജന്മം കൊണ്ട് എണ്ണിയാല്‍ തീരാത്ത

അപ്പൂപ്പന്‍ താടി നാരുകള്‍ എനിക്കേകി.

എന്റെ സ്നേഹത്തിന്റെയും ആത്മാവിന്റെയും

വിത്ത് നിന്റെ മോഹത്തിന്‍ നാരുകളില്‍ തൂങ്ങി,

നാളെകളിലേയ്ക്ക് പറക്കുവാനായി വെമ്പി.

പക്ഷേ, കടപ്പാടിന്റെ വേനല്‍ മഴ

എന്റെ വിത്തിനെ നീയാകുന്ന

മോഹങ്ങളില്‍ നിന്നും അറുത്തു മാറ്റി

എവിടെയോ ഞെട്ടറ്റ് വീണ്

കാത്തിരിക്കുകയാണ് ഞാന്‍

വീണ്ടും പൊട്ടിമുളച്ച് മോഹത്തിന്റെ

നാരുകളില്‍ കടിച്ചു തൂങ്ങി പറന്നീടുവാന്‍

കാത്തിരിക്കുകയാണ്

ജൂണിലെ മഴയ്ക്കായ്....


-ശ്യാം.പി.എസ്


പ്രണയം

യാത്രയില്‍ ഞാനറിയാതെ

വഴയില്‍ വീണുപോയ പ്രണയം

തിരഞ്ഞു ഹൃദയത്തിന്റെ

എല്ലാ കള്ളറകളിലും, എവിടെയുമില്ല!

മനസ്സിന്റെ ആള്‍സഞ്ചാരമില്ലാത്ത

ഏതോ ഇടവഴിയില്‍, അല്ല

നിരത്തില്‍ വീണു പോയ ഏതോ തുകല്‍ സഞ്ചി പോലെ

ആദ്യം വഴിപോക്കരുടെ പദലാളനങ്ങളേറ്റും,

പിന്നെ വണ്ടിച്ചക്രങ്ങളില്‍ ഞെരിഞ്ഞും

വൈകി വന്ന തുലാമഴ നനഞ്ഞും

ദൃഢത തേഞ്ഞ് തുന്നലും വള്ളിയുമറ്റ്

ചീഞ്ഞു തുടങ്ങിയപ്പോള്‍

ഒരുണങ്ങിയ കമ്പാല്‍ എടുത്തെറിയപ്പെട്ട

എന്റെ പ്രണയം...

പതുക്കെ ഹൃദയം ചുമലില്‍ കൈ വച്ച് ചോദിച്ചു

നീ തോറ്റ് മടങ്ങിയ കളത്തില്‍ തന്നെ

നിന്റെ ഉടവാളടിയറ വച്ചതെന്തിന്



-രമേഷ്. സി. കെ


പിരിയാന്‍ മനസ്സില്ലാത്തവര്‍

ആകാശം ചരിച്ചു പിടിച്ചൊരു പടമാണെന്നും

ചിതറിവീണ ചായങ്ങള്‍

നമുക്കുമേലിറ്റുവീഴുമ്പോള്‍ നാം

ഉയിര്‍ത്തെഴുനെല്‍ക്കുമെന്നും പറഞ്ഞാണ്

നീയുറക്കെയുറക്കെ ചിരിച്ചത്

നേര്‍ത്ത കാറ്റുള്ളൊരു സായാഹ്നത്തില്‍

ഒരൊറ്റ മരത്തിന്‍ കീഴെ

മടിയില്‍ തലവെച്ചുകിടന്നാണ്

നീയത് പറഞ്ഞത്

ഒടുക്കം പെയ്തമഴയില്‍

നമുക്കു മുകളിലെ

മണ്ണൊലിച്ചുപോയപ്പോഴാണ്

അസ്ഥികളില്‍ പൂക്കള്‍ വിരിഞ്ഞത്

നെഞ്ചില്‍ ഇഴചേര്‍ത്തു

തമ്മില്‍ ചെര്‍ത്തുവച്ചൊരു

വേരിലൂടെയാണ്

നമ്മള്‍ സംവദിച്ചത്

പിരിയാന്‍ മനസ്സില്ലതെയാണ്

നമ്മള്‍ ജീവിക്കുന്നത്


- ദിലീപ് കുമാര്‍.കെ.ജി