Friday, July 23, 2010

പ്രണയം

പ്രിയപ്പെട്ട രാജേശ്വരിയ്ക്ക്,

ഗസ്റ്റ്‌ ഹൌസിനു മുന്‍പിലുള്ള മാവിന്‍ ചുവട്ടില്‍ ഇന്നലെ വൈകുന്നേരം നീ എന്നെ കാത്ത് നില്‍ക്കുമെന്ന് വിചാരിച്ചിരുന്നു.ഞാന്‍ 5.10 അവിടെ എത്തിയിരുന്നു.അഞ്ചര കഴിഞ്ഞപ്പോള്‍ ഞാന്‍ പോയി.ഏഴു മണി വരെ ലൈബ്രറിയില് ആയിരുന്നു .അതിനു ശേഷം പത്തുമണി വരെ സ്ടച്യ്വിലും കിഴക്കെക്കൊട്ടയിലും ചുറ്റി നടന്നു.ഗണപതിയുടെ ,മുന്‍പില്‍ ചെന്ന് നിന്ന് നമുക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.
എന്‍റെ ജീവിതത്തില്‍ നിന്ന് വിരസത നീങ്ങുന്നില്ല .അസഹനീയമായ എന്‍റെ വിരസതയില്‍ നിന്നാണ് ഞാന്‍ ഒരു പ്രേമത്തെക്കുറിച്ചാലോചിച്ചത് .എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണ് കൂട്ടിനുണ്ടയാല്‍ ഒരു പക്ഷെ ജീവിതം രസകരമായിത്തീരും എന്ന് എനിയ്ക്ക് തോന്നി .പ്രേമസംബന്തമായ പൂര്‍വാനുഭവങ്ങള്‍ ഒന്നും എനിയ്ക്കില്ലാ.മനോഹരമായ എന്തെങ്കിലും സംഭവിക്കനുള്ളതല്ലല്ലോ ഒരു ഗുമസ്തന്റെ ജീവിതം.അയാളുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാകില്ലെന്നും അയാളുടെ സായാഹ്ന്നങ്ങള്‍ക്ക് നിറങ്ങളുണ്ടാകില്ലെന്നും അയാളുടെ മനസ്സിനു ശാന്തിയുണ്ടാവില്ലെന്നും എനിയ്ക്കറിയാം.ദൈവത്തിന്റെ ശ്രദ്ധയില് ഗുമസ്ഥന്മാര്‍ എന്നാ വര്‍ഗം പെടറെ ഇല്ല.
ഒരു ഗുമസ്തന്റെ മൂന്നു വര്‍ഷത്തെ ചരിത്രമേ എനിയ്ക്കുള്ളൂ. മൂന്നു വര്‍ഷത്തിനകം തന്നെ ഞാന്നൊരു വെറും ഗുമസ്തനായിത്തീരുന്നു.
ഞാന്‍ ആരാണെന്ന് എന്‍റെ മുറി കണ്ടാല്‍ നിനക്ക് മനസിലാവും .അറുപത്തിയഞ്ചു രൂപയ്ക്ക് ലഭിച്ച കോഴിക്കൂട് പോലെയുള്ള എന്‍റെ മുറി ഒരു ദിവസം ഞാന്‍ നിനക്ക് കാണിച്ചു തരും .കാറ്റിനും വെളിച്ചത്തിനും എന്‍റെ മുറിയിലേയ്ക്ക് കടന്നുവരാന്‍ സ്വാതന്ത്ര്യമേ ഇല്ല.മറ്റൊരു മുറിയെ കുറിച്ചാലോചിക്കാനുള്ള സ്വാതന്ത്ര്യം എനിയ്ക്കുമില്ല.
ഞാന്‍ നിത്യവും ഒരേ ജോലി ചെയ്യുന്നു.ഒരേ ഹോട്ടെലില്‍ നിന്നും ഭക്ഷണം കഴിയ്ക്കുന്നു.ഒരേ വഴിയിലൂടെ നടക്കുന്നു.അപൂര്‍വ്വം ചില സായാഹ്നങ്ങളില്‍ മാത്രം പേരറിഞ്ഞു കൂടാത്ത ഏതെല്ലാമോ റോഡുകളിലൂടെ ഞാന്‍ നടക്കാറുണ്ട്.പക്ഷെ,അപ്പോഴും ഞാന്‍ നടക്കുന്നത് എന്‍റെ മനസ്സിലൂടെ തന്നെയാണ് .ഒരു യന്ത്രമായിത്തീര്‍ന്ന എന്നെ ദുഖങ്ങളൊന്നുമില്ലാതെ തന്നെ ഞാന്‍ നോക്കി കാണുകയാണ് എന്‍റെ വര്‍ഗ്ഗത്തിന്റെ വിധിയാണെന്നറിയാം .എന്‍റെ വര്‍ഗത്തിന്റെ വിധിയെ സ്വീകരിച്ചുകൊണ്ട് ജീവിക്കവേ തന്നെയാണ് ഞാന്‍ പ്രേമത്തെക്കുരിച്ചലോജിച്ചത് .സ്വപ്നങ്ങലോന്നുമില്ലത്തവനായിരുന്നു ഞാന്‍ .എന്‍റെ മനസ്സിന്റെ സ്വപ്ന തലങ്ങള്‍ എന്നും ശൂന്യമായിരുന്നു.ഇന്നാകട്ടെ ,ഒരു ഗുമസ്തനായ ഞാന്‍ എന്തിനെക്കുറിച്ചാണ് സ്വപ്നം കാണുക.?ഇങ്ങനെയല്ലമാനെങ്ങിലും എന്റേതായ കൊച്ചു ജീവിതം രൂപപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു . മുറിയില്‍ നിന്ന് ഒന്ന് പുറത്തു കടന്നേ പറ്റുകയുള്ളൂ. ചിന്തയുമായി എരിപിരി കൊണ്ട് നടക്കുമ്പോഴാണ് രാജേശ്വരി ,നിന്നോട് ഞാന്‍ ചിരിച്ചത് .നീയും ഇങ്ങോട്ട് ചിരിച്ചപ്പോള്‍ എന്‍റെ മനസ്സ് വല്ലാതങ്ങ് കുളിര്‍ത്തു പോയി .നിന്റെ ചിരിയുടെ ചിത്രം എന്‍റെ ഹൃദയത്തില്‍ പതിഞ്ഞു . ചിത്രത്തില്‍ നിന്നാണ് നമ്മുടെ പ്രേമത്തിന്‍റെ തുടക്കം .ഇനി എന്താണ് ഞാന്‍ എഴുതുക .ഇന്ന് നീ എന്റെതായിത്തീര്‍ന്നിരിക്കുന്നു

നിന്റെ സ്വന്തം ജഗതീഷ്




പ്രിയപ്പെട്ട ജഗദീഷിന്

ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ നമ്മളിത്രയേറെ അടുത്തുവല്ലോ.നമ്മുടെ ഹൃദയം ഇപ്പോള്‍ ഒന്നായിത്തീര്ന്നിരിക്കുന്നു.ജീവിക്കുന്നെങ്ങില്‍ നമ്മളൊന്നായിട്ടേ ജീവിക്കൂ.
അടുത്ത ഞായറാഴ്ച നമുക്ക് അരുവിക്കര ഡാം കാണാന്‍ പോകണം.എനിയ്ക്ക് ജഗദീഷിന്റെ ഒരുമ്മ വേണം.എന്നാണ് എനിയ്ക്കത് തരിക.?ഇന്നലെ ജഗദീഷ് എനിയ്ക്ക് തന്ന ചോക്ക്ലയ്ത്റ്റ് ഞാന്‍ ഉണ്ണികൃഷ്ണന്റെ മുന്‍പില്‍ വെച്ച് പൂജിച്ചു .ഇന്നലെ ഞാന്‍ ജഗദീഷിന് തരാന്‍ ഒരു റോസാ പൂവ് കൊണ്ട് വന്നിരുന്നു.പക്ഷെ,തരാന്‍ പറ്റിയില്ല.നമ്മളെ ഇപ്പോള്‍ ഓഫീസിലുള്ള പലരും വാച്ച് ചെയ്യുന്നുണ്ട്.നമ്മള്‍ സ്നേഹത്തിലാണെന്ന് അവര്‍ അറിഞ്ഞു കൊള്ളട്ടെ .നമ്മളൊന്നിച് കന്യാകുമാരിയില്‍ പോയ കാര്യം ഇവിടെ ആര്‍ക്കൊക്കെയോ അറിയാം.അറിഞ്ഞാലെന്താ?ഞായരാഴച്ച അരുവിക്കരയില്‍ പോകുന്നതും അറിയട്ടെ.ജഗദീഷ്,നമ്മളെ വാസ്തവത്തില്‍ ദൈവം തന്നെ കൂട്ടിയിണക്കിയതാണ് .പ്രേമ അഭ്യര്തനകളുമായി എന്‍റെ പിന്നാലെ നടന്ന എത്ര ചെറുപ്പക്കാരെ ഞാന്‍ നിരാശരാകിയിട്ടുന്ടെന്നോ .എനിയ്ക്കാരെയും ഇഷ്ടമായില്ല.ജഗദീഷിനെ എന്‍റെ ജീവിതതില്യ്ക്ക് ദൈവം പറഞ്ഞയച്ചത് തന്നെയാവണം.ഇപ്പോള്‍ ജഗദീഷ് എന്‍റെ സ്വന്തമായിത്തീര്‍ന്നു .ജഗദീഷ് എന്തിനാണിങ്ങനെ അകാരണമായി ദുഖിക്കുന്നത് ജഗദീഷിന്റെ ഏത് ദുഖവും പാതി എനിയ്ക്ക് തരൂ.

സ്വന്തം രാജേശ്വരി




പ്രിയപ്പെട്ട രാജേശ്വരിയ്ക്ക്
നമ്മുടെ അരുവിക്കര യാത്ര എത്ര ആനന്തകരമായിരുന്നു .ഞാന്‍ നിനക്കൊരുമ്മ തരുന്നത് അരുവിയില്‍ മദിച്ചു കൊണ്ടിരുന്ന മീനുകള്‍ കാണുന്നുണ്ടായിരുന്നു.പൊന്നിന്റെ ചിറകുകളുള്ള ഒരു മീന്‍ നമ്മളെ സൂക്ഷിച്ചു നോക്കുന്നത് ഞാന്‍ കണ്ടു.എനിയ്ക്കൊരുമ്മ നല്‍കാന്‍ നിനക്കന്നു ധൈര്യമുണ്ടയിരുന്നില്ലല്ലോ .
രാജേശ്വരി ,നമുക്കിനി വിവാഹിതരാവനം .നമ്മുടെ ബന്ധം നീ നിന്റെ അച്ഛനെയും അമ്മയെയും അറിയിക്കണം .നീ എന്റെതായലെ എന്‍റെ വിരസതയും ഏകാന്തതയും അവസാനിക്കുകയുള്ളൂ .എന്നിട്ട് നമുക്ക് ഒരു കുടക്കീഴില്‍ ഓഫീസ്സിലെയ്ക്ക് വരണം .ഒരു പാത്രത്തില്‍ ഉണ്ണണം എന്നും എനിയ്ക്ക് നിന്റെ തലയില്‍ മുല്ലപ്പൂ മണക്കണം

സ്വന്തം ജഗദീഷ്






പ്രിയപ്പെട്ട ജഗദീഷ്
ഇന്നലെ ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ വൈകിപ്പോയി .ജഗദീഷ് എന്നെ കാത്തിരുന്നോ?,കാത്തിരുന്നെങ്ങില്‍ എന്നോട് ക്ഷെമിക്കുക .
നമ്മുടെ ബന്ധത്തെക്കുറിച് ഞാന്‍ അമ്മയോട് സംസാരിച്ചു .അമ്മ ആദ്യം എന്‍റെ നേര്‍ക്ക്‌ ചാടി വീണു .പിന്നെ എന്നെ ഗുണദോഷിച്ചു .ഏതായാലും അമ്മ ഈ വിവരം അച്ഛനെ അറിയിച്ചു കഴിഞ്ഞു .അവരെന്ത് വേണമെങ്കിലും തീരുമാനിക്കട്ടെ .ഞാന്‍ ജഗദീഷിനെ മാത്രമേ വിവാഹം കഴിയ്ക്കൂ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്.എന്തെല്ലാം എതിര്‍പ്പുകള്‍ ഉണ്ടായാലും ഞാന്‍ ജഗദീഷിന്റെ കൂടെ ഇറങ്ങി വരും അച്ഛന്റെ അനുവാദത്തോടെ നമ്മുടെ വിവാഹം നടക്കുകയാണെങ്കില്‍ ജീവിതം നമുക്ക് ഒരു ഭാരമായി തീരില്ല.ഞങ്ങള്‍ക്ക് നഗരത്തില്‍ ഒരു വീട് കൂടിയുണ്ട്.ആ വീട് എന്നെ കല്യാണം കഴിയ്ക്കുന്ന ആള്‍ക്കുള്ളതാണ് .എന്‍റെ പേരില്‍ ഒരു ലക്ഷം രൂപ ബാങ്കില്‍ ഉണ്ട് .നമ്മുടെ വിവാഹം അച്ഛന്റെ ഇഷ്ടത്തോടെ നടക്കണമെയെന്നു ജഗദീഷ് ദൈവത്തോട് പ്രാര്‍ത്തിക്കുക
സ്വന്തം രാജേശ്വരി





പ്രിയപ്പെട്ട രാജേശ്വരിയ്ക്ക്

നാമിതുവരെയും ഹൃദയം കൊണ്ടേ സംസാരിച്ചിട്ടുള്ളൂ.ഇനി നമ്മള്‍ ജീവിതത്തെ മുന്നില്‍ കണ്ടു സംസാരിക്കണം .ഞാനൊരു വളരെ പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചതെന്ന് നിനക്കറിയാമല്ലോ.ഞങ്ങള്‍ മൂന്ന് ആണ്മക്കളും രണ്ടു പെന്‍ മക്കളും ഉണ്ട് .മൂത്ത മകനെന്ന നിലയില്‍ എനിയ്ക്കൊരുപാദ് ഉത്തരവാടിതങ്ങലുണ്ട് .ഒരു സഹോദരിയെ കഴിഞ്ഞ കൊല്ലം വിവാഹം കഴിച്ചു കൊടുത്തു.ഇളയ സഹോദരിയും വിവാഹ പ്രായത്തിലാണ് .ഞാനും എന്‍റെ കുടുംബവും എല്ലാ അര്‍ത്ഥത്തിലും പാവങ്ങലനെന്നു നീ അറിയണം .നിന്റേതു പോലുള്ള ഒരു അപ്പര്‍ മിഡില്‍ ക്ലാസ്സ്‌ കുടുംബത്തിലേയ്ക്ക് കേറി വരാന്‍ ഞാന്‍ അര്‍ഹനല്ല.നിന്റെ അച്ഛന്‍ എന്നെ ഒരു രീതിയിലും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല.ദൈവം മാത്രമേ ഇക്കാര്യത്തില്‍ നമ്മളെ സഹായിക്കുന്നുള്ളൂ.എന്തെല്ലാം തടസ്സങ്ങലുണ്ടായാലും നമ്മുടെ പ്രണയമാണ് നമുക്ക് വലുത് .അച്ഛനെക്കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാന്‍ നീ ശ്രമിക്കുക .മറ്റൊരു കാര്യം കൂടി നിന്നെ അറിയിക്കട്ടെ.ഇന്നലെ എന്‍റെ അച്ഛന്റെ കത്തുണ്ടായിരുന്നു.എന്‍റെ കല്യാണത്തെക്കുറിച്ചാണെഴുതിയിരിയ്ക്കുന്നത് .അച്ഛന്‍ എനിയ്ക്കൊരു പെണ്ണിനെ കണ്ടിട്ടുണ്ട്.ഒരു ഹൈസ്കൂള്‍ അധ്യാപികയാണ് .അവളുടെ സഹോദരന്‍ എന്‍റെ സഹോദരിയെ കല്യാണം കഴിയ്ക്കാം എന്ന്.ഞാന്‍ അതിനു തയ്യാറാവണമെന്ന് അച്ഛന്‍ അപേക്ഷിക്കുന്നു.ഈ കല്യാണം വേണ്ട എന്ന് ഞാന്‍ ഉടനെ തന്നെ അച്ഛനെഴുതി.അടുത്ത കത്തില്‍ ഞാന്‍ നമ്മുടെ കാര്യം എഴുതും.എന്‍റെ അച്ഛന്‍ അതിനു എതിരുനില്‍ക്കുമെന്നു തോന്നുന്നില്ല.അച്ഛന്‍ എതിരായാലും ഞാനത് വക വെയ്ക്കില്ല.
നമുക്ക് അടുത്ത ഒരു ദിവസം കന്യകുമാരിയ്ക്ക് പോകണം .നമ്മുടെ സ്വര്‍ഗം അവിടെയാണ് രാജേശ്വരി,ആ കടല്‍ത്തീരത് .

നിന്റെ സ്വന്തം ജഗദീഷ്






പ്രിയപ്പെട്ട ജഗദീഷിന്
അച്ഛനും അമ്മയും ഞാനില്ലാത്ത തക്കം നോക്കി പെട്ടി തുറന്നു ജഗദീഷിന്റെ കത്തുകളെല്ലാം വായിച്ചു
നമ്മുടെ നല്പത്തിമൂന്നു കത്തുകളും അവരുടെ കയ്യിലായി.ഇന്നലെ രാത്രി മുഴുവന്‍ അച്ഛന്റെ പോട്ടിത്തെറികളായിരുന്നു .എനിയ്ക്ക് വിലക്കുകളും ഭീഷണികളും ഉയര്‍ന്നുവന്നിരിക്കുന്നു.അച്ഛന്‍ എനിയ്ക്ക് മറ്റാരെയോ കണ്ടു വെച്ചിരിക്കുന്നു.ആള്‍ ബാങ്ക് ഉദ്യോഗസ്തനാണെന്ന് തോന്നുന്നു.ഒന്നര ലെക്ഷം രൂപയും വീടും മുപ്പതു പവനും.ഇതെല്ലം നമുക്ക് തന്നിരുന്നെങ്കില്‍....നമുക്ക് അല്ലലില്ലാതെ ജീവിയ്ക്കമായിരുന്നു .പക്ഷെ,എന്‍റെ അച്ഛന്‍ ഈ കാര്യത്തില്‍ നമ്മളോട് കനിയുമെന്നു തോന്നുന്നില്ല.ഒരു കാരണവശാലും എന്നെ ഒരു ഗുമസ്തന് കല്യാണം കഴിച്ചുകൊടുക്കാന്‍ എന്‍റെ അച്ഛന്റെ മനസ് അനുവദിക്കുകയുമില്ല.ഞാന്‍ ഇങ്ങനെയൊരു ഗുമാസ്തപ്പണിയ്ക്ക് പോകുന്നത് പോലും അച്ചനിഷ്ടമല്ല.ഏതായാലും നമുക്ക് നമ്മുടെ ആഗ്രഹങ്ങളിലൂടെ നീങ്ങേണ്ടിവരും.നമ്മുടെ തോണിയില്‍ നമ്മളിരുവരും മാത്രമേ കാണൂ.

സ്വന്തം രാജേശ്വരി





പ്രിയപ്പെട്ട രാജേശ്വരിയ്ക്ക്
വിധി നമുക്കെതിരെ ആഞ്ഞടിക്കുകയാണ്.നിന്റെ അച്ഛന്‍ രണ്ടു ദിവസം മുന്പ് ചിലരോടൊക്കെ എന്നെക്കുറിച് അന്വേഷിചെന്നറിഞ്ഞു.ചില ഭീഷണി സ്വരങ്ങളും എനിയ്ക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്.ഒരു ഗുമസ്തനെ അയാളൊരിക്കലും ഇഷ്ടപ്പെടുകയില്ല.നമ്മുടെത് എന്തൊരു ലോകമാണ്.നീ എന്താണ് തീരുമാനിക്കുനത്.

നിന്റെ സ്വന്തം ജഗദീഷ്






പ്രിയപ്പെട്ട ജഗദീഷിന്
ജഗദീഷിന്റെ ജാതിയിലാണ് അച്ഛനിപ്പോള്‍ മുറുകെ പിടിയ്ക്കുന്നത് .ഞങ്ങളുടെ കുടുംബത്തില്‍ നിന്നാരും ഇതേവരെ ജാതി മാറി കല്യാണം കഴിച്ചിട്ടില്ല.ഞാന്‍ കാരണം എന്‍റെ അനുജത്തിമാര്‍ കഷ്ടപ്പെടേണ്ടി വരും.ഞാന്‍ തീ തിന്നുകയാണ്.ഒരു തീരുമാനവും എടുക്കാന്‍ കഴിയുന്നില്ല.ഞാന്‍ എന്താണ് ചെയ്യേണ്ടതെന് പറയൂ.

സ്വന്തം രാജേശ്വരി..





പ്രിയപ്പെട്ട രാജേശ്വരിയ്ക്ക്

വീണ്ടും അച്ഛന്റെ കത്തുണ്ടാരുന്നു.അച്ഛന്‍ ആ കത്തിലൂടെ കരയുകയായിരുന്നു.എന്‍റെ എല്ലാമെല്ലാമായ രാജേശ്വരി ,എന്ത് തീരുമാനം എടുക്കണം എന്നെനിയ്ക്കറിയില്ല .എന്‍റെ മനസ്സും പൊരിയുകയാണ് .നാളത്തെ നമ്മുടെ യാത്ര എല്ലാം നേരത്തെ പറഞ്ഞത് പോലെ തന്നെ.

നിന്റെ സ്വന്തം ജഗദീഷ്







പ്രിയപ്പെട്ട ജഗദീഷിന്
നമ്മുടെ കന്യാകുമാരി യാത്ര വളരെ രസകരമായിരുന്നു.ജീവിതത്തിലാദ്യമായി ഒരു പുരുഷന്‍ എന്താണെന്നു ഞാന്‍ അറിഞ്ഞ നിമിഷങ്ങള്‍ .ഒരിയ്ക്കലും ആ നിമിഷങ്ങള്‍ എന്‍റെ മനസ്സില്‍ നിന്ന് മാഞ്ഞു പോകില്ല.സകല പുളകങ്ങളോടും കൂടി ആ നിമിഷങ്ങള്‍ എന്‍റെ മനസ്സില്‍ അനശ്വരമായിത്തീര്‍ന്നിരിക്കുകയാണ് .ജഗദീഷിന്റെ മധുരമായ ആ ഉമ്മകള്‍ ഇപ്പോഴും എന്നെ പൊതിഞ്ഞു നില്‍ക്കുന്നു.

സ്വന്തം രാജേശ്വരി






പ്രിയപ്പെട്ട രാജേശ്വരിയ്ക്ക്

എന്താണ് നമുക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്തത് ? ഇന്നലെ എന്‍റെ സഹോദരിയുടെയും അമ്മയുടെയും കത്തുണ്ടായിരുന്നു.ഇപ്പോള്‍ അച്ഛന്‍ കത്തെഴുത്ത് നിര്‍ത്തിയിരിക്കുന്നു.നമ്മള്‍ എവിടെയാണെത്തുക .?ഇന്നലെ ഞാന്‍ ശ്രീകന്ടെശ്വരത്തും ഗണപതി കോവിലിലുമൊക്കെ പോയി പ്രാര്‍ത്തിച്ചു .നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമോ?

നിന്റെ സ്വന്തം ജഗദീഷ്








പ്രിയപ്പെട്ട ജഗദീഷിന്

ജഗദീഷ് ,ഞാനാകെ കുഴപ്പത്തിലാണ് ,എന്‍റെ മനസ്സിന്റെ സമനിലയറ്റുപോകുമോയെന്നുപോലും തോന്നുന്നു.അച്ഛന്‍ എന്നോട് മിണ്ടാറില്ല.അമ്മ കുത്ത് വാക്കുകളെ പറയുന്നുള്ളൂ.ഈ വരുന്ന ഞായറാഴ്ച ബാങ്ക് ഓഫീസര്‍ പെണ്ണ് കാണാന്‍ വീട്ടില്‍ വരുന്നു.ഞാനെന്തു ചെയ്യണം ?ഒരു തീരുമാനവും എടുക്കാന്‍ കഴിയുന്നില്ല.

സ്വന്തം രാജേശ്വരി






പ്രിയപ്പെട്ട രാജേശ്വരിയ്ക്ക്

ഒരു തീരുമാനമെടുക്കാന്‍ എനിയ്ക്കും കഴിയുന്നില്ല.ദൈവം നമ്മളോട് കാരുണ്യം കാണിയ്ക്കുന്നെയില്ല.നമ്മള്‍ രണ്ടു പാവങ്ങളെ ദൈവം എന്തിനാണിങ്ങനെ ശിക്ഷിയ്ക്കുന്നത് ?ഞാന്‍ നാളെ വൈകുന്നേരം ശുജീന്ദ്രത് പോവുകയാണ് .കഴിയുമെങ്കില്‍ തിരുച്ചന്ദൂരും പോകും.നാലഞ്ചു ദിവസം കഴിഞ്ഞേ ഇനി ഞാന്‍ നിനക്കെഴുതുകയുള്ളൂ.

നിന്റെ സ്വന്തം ജഗദീഷ്




(ഒരാഴ്ച കഴിഞ്ഞ രണ്ടു പേര്‍ക്കും ദൈവത്തിന്റെ കത്ത് കിട്ടുന്നു )

ജഗദീഷും ,രാജേശ്വരിയും വായിച്ചറിയാന്‍ വേണ്ടി നിങ്ങളുടെ ദൈവം തമ്പുരാനായ ഞാന്‍ എഴുതുന്നത് -നിങ്ങള്‍ കുറെക്കാലമായി പ്രണയതിലാണെന്നെനിയ്ക്കറിയാം .ഞാന്‍ തന്നെയാണ് നിങ്ങളെ സ്നേഹിക്കാന്‍ അനുവദിച്ചത് .നിങ്ങളുടെ അനുരാഗത്തിന്റെ ഗതി ഞാന്‍ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു .
മനുഷ്യ വര്‍ഗത്തിന്റെ മനസ്സില്‍ പ്രേമം മരിച്ചു കൊണ്ടിരിക്കുകയാണ് .ആ വികാരം ഇന്ന് ഒന്നുമല്ലാതായിത്തീര്ന്നിരിക്കുകയാണ് ഇരുപതൊന്നാം നൂട്ടണ്ടിലെയ്ക്ക് മനുഷ്യരാശി പ്രവേശിക്കുമ്പോള്‍ മിക്കവാറും ഞാന്‍ ഈ വികാരം മനുഷ്യനില്‍ നിന്ന് നീക്കം ചെയ്തു കളയും.പ്രേമം എന്ന വികാരം ഞാന്‍ മറ്റേതെങ്കിലും ജീവി വര്‍ഗ്ഗത്തിന്റെ ഹൃദയത്തില്‍ ഇട്ടുകൊടുക്കും .മനുഷ്യ വര്‍ഗത്തിന്റെ മനസ്സില്‍ ഈ വികാരത്തിനു യാതൊരു രക്ഷയുമില്ല .ഞാന്‍ തന്നെയും നിങ്ങളെ സൃഷ്ട്ടിചിട്ടുള്ളത് പ്രേമത്തിന്റെ വിശുദ്ധമായ വേദനകള്‍ താങ്ങാന്‍ രൂപത്തിലല്ല.നിങ്ങള്ക്ക് ആ വേദന താങ്ങാനാവില്ല.പ്രേമത്തിന്റെ പരാജയം നിങ്ങളെ തകര്‍ത്തുകളയുന്ന പ്രശ്നവുമില്ല.
എല്ലാം അറിയുന്നവനായ ഞാന്‍ നിങ്ങളോട് പറയുന്നു-നിങ്ങള്‍ക്കിനി അവസാനത്തെ കത്തെഴുതാം .നിങ്ങളുടെ സമയം പാഴാക്കിയതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു.

നിങ്ങളുടെ സ്വന്തം ദൈവം


(ഇ വി ശ്രീധരന്‍ )

No comments:

Post a Comment